“ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ...! സമയം ഉള്ളവരും ഇല്ലാത്തവരുമെല്ലാം കേൾക്കാൻ സമയം കണ്ടെത്തിയിട്ടുള്ള ഡയലോഗ്! പക്ഷേ, ഇതു സിനിമയിലേ ഉള്ളെന്നു തോന്നുന്നു. ഇവിടെ പലർക്കും പലതിനും സമയം തീരെയില്ല.
പോലീസ് തല്ലുന്ന വിഡിയോകളുമായി സമയം കളയാതെ കോടതിക്കു മുന്നിൽ വിദ്യാർഥികൾ പാഞ്ഞെത്തിയപ്പോൾ ചീഫ് ജസ്റ്റീസ് ഒരു മയവുമില്ലാതെ പറയുന്നു, ഇതൊന്നും കേൾക്കാൻ ഞങ്ങൾക്കു സമയം തീരെയില്ല!
ഒരു മാസമായി ജന്തർ മന്തറിൽ സമയം നോക്കാതെ സമരം ചെയ്യുന്നവരോടു കേന്ദ്രസർക്കാരും പറഞ്ഞു, ചർച്ച നടത്താൻ സമയം തീരെയില്ല. സമയംകൊല്ലികളായ സമരക്കാർ സന്ധ്യ മയങ്ങുന്പോൾ സ്ഥലംവിട്ടുകൊള്ളുമെന്ന സമാധാനത്തിലായിരുന്നു അവർ. ഇതിനിടെ, പാർലമെന്റ് തുടങ്ങാനുള്ള സമയമായി. ഇതാണ് സമരത്തിനുള്ള നല്ല സമയമെന്നു തിരിച്ചറിഞ്ഞ സമരക്കാർ മാർച്ച് തുടങ്ങി. അടിച്ചോടിക്കാൻ പോലീസിനു സമയം കൊടുക്കുന്നതിലൂടെ സമരത്തിന്റെ അന്ത്യസമയം കുറിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം.
എന്നാൽ, ഈ സമയം നോക്കിയിരുന്ന രാഹുലും കൂട്ടരും ചാടിവീണു. ഉച്ചകഴിഞ്ഞ സമയം നോക്കി മോദിജിയുടെ വീട്ടിലേക്കു വച്ചുപിടിച്ചു. സമരം നടത്തിയ സ്ഥലവും സമയവും തീരെ ശരിയായില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. അതുകൊണ്ടു സമയം കളയാതെ സമരക്കാരെ പോലീസ് കൈകാര്യം ചെയ്തു. എങ്കിലും കിട്ടിയ സമയം മുതലാക്കി സമരക്കാർ പ്രൈം ടൈമിൽ നിറഞ്ഞുനിന്നു. ഇതിനിടെ, പാർലമെന്റിലെ സമയം മുഴുവൻ ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ അതിന്റെ വഴിക്കു പൊയ്ക്കൊണ്ടിരിക്കുന്നു.
അല്ലെങ്കിലും അടുത്തകാലത്തായി കേന്ദ്രസർക്കാരിന്റെ സമയം തീരെ ശരിയല്ലെന്നു തോന്നുന്നു. ശരിയല്ലാത്ത സമയത്തു തുടങ്ങിയ യുദ്ധം മൂലം പാചകവാതകം ശരിയായ സമയത്തു കൊടുക്കാൻ കഴിയാതിരുന്നതു സമയദോഷമെന്നു കരുതി സ്വയം സമാധാനിച്ചു. എന്നാൽ, ആ സമാധാനത്തിന് അധിക സമയം ആയുസുണ്ടായിരുന്നില്ല. ആ സമയത്താണ് അയോധ്യയിൽ മിത്രങ്ങൾ ഉള്ള സമയംകൊണ്ട് കൊള്ള നടത്തിയ കഥകൾ പുറത്തുവന്നത്. ഈ സമയവും കടന്നുപോകുമെന്നു വിശ്വസിച്ചിരിക്കുന്പോൾ അതാ നീറ്റ് പരീക്ഷ പതിവുതെറ്റിക്കാതെ യഥാസമയം ചോർന്നു.
ഇതേ സമയത്തുതന്നെ തൊഴിലില്ലാത്തവരെയും ആക്ടിവിസ്റ്റുകളെയും പാറ്റകൾ എന്നു വിശേഷിപ്പിക്കാൻ ചീഫ് ജസ്റ്റീസ് തന്നെ സമയം ചെലവഴിച്ചു. അതോടെ പാറ്റകളുടെ നല്ല സമയം വന്നു. പറ്റംപറ്റമായി പാറ്റകൾ പറന്നുകൂടി. ഇതിനിടെ, പാറ്റകളുടെ അക്കൗണ്ട് പൂട്ടിക്കാൻ സർക്കാർ സമയം കണ്ടെത്തി.
ഒന്നു ഹിറ്റ് അടിക്കാനുള്ള സമയം മാത്രം മതി, അതോടെ പാറ്റകളുടെ പണിതീരുമെന്നായിരുന്നു സമയം നോക്കിയവർ കേന്ദ്രസർക്കാരിനെ ഉപദേശിച്ചത്. എന്നാൽ, അമേരിക്കയിൽനിന്നു മെയിൻ പാറ്റ പറന്നിറങ്ങിയതോടെ സർക്കാരിന്റെ യഥാർഥ സമയം സമാഗതമായി.
എഥനോൾ ചേർത്ത പെട്രോളിന്റെ സമയമായിരുന്നു അടുത്തത്. ഇതോടെ സമയം തെളിഞ്ഞത് എഥനോൾ ഫാക്ടറികൾ നടത്തുന്ന കേന്ദ്രമന്ത്രി ഗഡ്കരിയുടെ മക്കൾക്കാണെന്നു പ്രതിപക്ഷം. എന്തായാലും എഥനോൾ മൂലം കേടായ ഒരു വണ്ടിയെങ്കിലും ഉണ്ടോയെന്നു വെല്ലുവിളിച്ച തന്റെ സമയം അത്ര നന്നായിരുന്നില്ലെന്നു ഗഡ്കരിക്കു പിന്നീട് തോന്നിക്കാണും. സമയമെടുത്തായാലും എഥനോൾ പെട്രോളിൽ കലക്കുമെന്ന കടുംപിടിത്തത്തിലാണ് മന്ത്രി.
ഡൽഹി സമരത്തെ അനുകൂലിച്ച സിനിമാതാരങ്ങളോട് അടുത്ത പടം ഇറങ്ങുന്ന സമയത്തു കാണിച്ചുതരാമെന്നാണ് സൈബർ മിത്രങ്ങളുടെ ഭീഷണി.
ഇതൊക്കെ കേന്ദ്രത്തിലെ സമയക്കഥകളാണെങ്കിൽ കേരളത്തിലുമുണ്ട് സമയപ്രശ്നമുള്ളവർ. ഒന്നു കാണാൻ സമയം ചോദിച്ച കെഎസ്യു പ്രസിഡന്റിനു നല്ല സമയം നോക്കിയിരിക്കേണ്ടിവന്നു മുഖ്യമന്ത്രിയെ ഒന്നു കാണാൻ. ഏതു സമയത്തു കറന്റ് പോകുമെന്ന് മന്ത്രിക്കും പറയാൻ കഴിയാത്ത സമയത്താണ് ഇന്നു നമ്മുടെ ജീവിതം. സമയം പറഞ്ഞാൽ ആ സമയത്ത് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ തലസ്ഥാനത്തു സമരം നടത്തിയിട്ടും ആർക്കും കാണാൻ സമയമില്ല. ഒരിക്കൽകൂടി എല്ലാവർക്കും നല്ല സമയം നേരുന്നു.
മിസ്ഡ് കോൾ
17 ചാക്കിൽ ബിജെപി ഓഫീസിൽ കള്ളപ്പണമെത്തിയെന്നു മുൻ ജീവനക്കാരൻ.
- വാർത്ത.
ഇഡി: ഹലോ, കേൾക്കുന്നില്ലാ..!